Movies
നടനും അഭിഭാഷകനുമായ സി. ഷുക്കൂറിനെ പക്ഷാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാസർഗോഡ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് താരം ഇപ്പോൾ.
പെട്ടെന്നുണ്ടായ സ്ട്രോക്ക് ആണെന്നും ദൈവത്തിന്റെ അനുഗ്രഹത്താൽ ആരോഗ്യനില മെച്ചപ്പെട്ടുവെന്നും ഷുക്കൂറിന്റെ സഹോദരൻ മുനീർ വ്യക്തമാക്കി.
‘‘എന്റെ മൂത്ത സഹോദരൻ ഷുക്കൂർ വക്കീലിന് ജനുവരി 26ന് സ്ട്രോക്ക് ഉണ്ടായി. ഇപ്പോൾ അദ്ദേഹം കാസർഗോഡിലെ ആസ്റ്റർ മിംസിൽ ചികിത്സയിലാണ്. പടച്ചവന്റെ അനുഗ്രഹത്താൽ ഇപ്പോൾ അദ്ദേഹത്തിന്റെ നില മെച്ചപ്പെട്ടിട്ടുണ്ട്. സംസാരിക്കാനും ഭക്ഷണം കഴിക്കാനും കഴിയുന്നു.
ഇടത് വശത്ത് ചില ബുദ്ധിമുട്ടുകൾ ഉള്ളതിനാൽ ഫിസിയോതെറാപ്പിയും റിഹാബിലിറ്റേഷനും തുടരുകയാണ്. അദ്ദേഹത്തിന്റെ വേഗത്തിലുള്ള പൂർണ സുഖപ്രാപ്തിക്കായി എല്ലാവരുടെയും പ്രാർത്ഥനകൾ സ്നേഹപൂർവം അഭ്യർത്ഥിക്കുന്നു. നിങ്ങൾ എല്ലാവരും നൽകുന്ന സ്നേഹത്തിനും പ്രാർഥനകൾക്കും ഹൃദയം നിറഞ്ഞ നന്ദി.
ഒരുപക്ഷേ അദ്ദേഹത്തിന്റെ വാക്കുകൾ കൊണ്ടോ പ്രവൃത്തികൊണ്ടോ എഴുത്തുകൊണ്ടോ ബുദ്ധിമുട്ടുണ്ടായ ആളുകൾ ഉണ്ടായേക്കാം. അങ്ങനെ ആർക്കെങ്കിലും മനസിലൊരു വിഷമം തോന്നുന്നുണ്ടെങ്കിൽ അത് പൊറുത്തു കൊടുക്കണമെന്നു കൂടി ഈ സാഹചര്യത്തിൽ അഭ്യർഥിക്കുകയാണ്. അത് പൊറുത്ത് കൊടുത്ത് അദ്ദേഹം പൂർണ ആരോഗ്യസ്ഥിതിയിലേക്ക് എത്താൻ എല്ലാവരും പ്രാർഥിക്കണമെന്ന് അപേക്ഷിക്കുന്നു.’’മുനീറിന്റെ വാക്കുകൾ.
രതീഷ് ബാലകൃഷ്ണ പൊതുവാൾ കുഞ്ചാക്കോ ബോബനെ നായകനാക്കി സംവിധാനം ചെയ്ത ‘ന്നാ താൻ കേസ് കൊട്’ എന്ന സിനിമയിലൂടെ അരങ്ങേറ്റം നടത്തിയ താരമാണ് ഷൂക്കൂർ.
കണ്ണൂർ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ ലോ വിഭാഗം മേധാവിയും കണ്ണൂർ യൂണിവേഴ്സിറ്റിയുടെ മഞ്ചേശ്വരം ക്യാപംസ് ഡയറക്ടറുമായ അഡ്വ. ഷീനാ ഷുക്കൂറാണ് നടന്റെ ഭാര്യ.
സുപ്രീം കോടതിയിൽ ജസ്റ്റിസ് രാമസുബ്രഹ്മണ്യത്തിന്റെ ലോ ക്ലാർക്ക് ജാസ്മിൻ, ഇംഗ്ലിഷ് ലിറ്ററേച്ചർ, മാസ് കമ്യൂണിക്കേഷൻ ആൻഡ് ജേണലിസം പൂർത്തിയാക്കിയ ജെബിൻ, ഒമ്പതാം ക്ലാസ് വിദ്യാർഥി ജെസാഹ് എന്നിവരാണ് മക്കൾ.
National
കോൽക്കത്ത: പശ്ചിമ ബംഗാളിൽ എസ്ഐആർ ഹിയറിംഗിനായി ക്യൂവിൽ നിന്ന യുവതി കുഴഞ്ഞുവീണു മരിച്ചു. നോർത്ത് 24 പർഗാനാസിലെ ദേഗംഗ ബ്ലോക്ക് ഓഫീസിലാണ് സംഭവം.
സെറീന ബീബി (32) ആണ് മരിച്ചത്. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ പറഞ്ഞു.
വോട്ടർ പട്ടികയിലുണ്ടായ ചില പൊരുത്തക്കേടുകൾ പരിഹരിക്കാൻ വേണ്ടിയാണ് ഹിയറിങ്ങിനായി സെറീന ഭർത്താവ് സിദ്ധിഖിനൊപ്പം ബ്ലോക്ക് ഓഫീസിൽ എത്തിയത്. ഉദ്യോഗസ്ഥർ ചോദിച്ച ചില ചോദ്യങ്ങൾക്ക് മതിയായ ഉത്തരം നൽകാൻ സെറീനയ്ക്ക് സാധിച്ചില്ല.
കൂടാതെ, ജയിലിൽ അയക്കുമെന്ന് ഉദ്യോഗസ്ഥർ സെറീനയോടു പറയുകയും ചെയ്തു. ഇതേ തുടർന്നുണ്ടായ കടുത്ത മാനസിക സമ്മർദ്ദത്തിലാണ് കുഴഞ്ഞുവീണു മരിച്ചതെന്ന് സെറീനയുടെ ബന്ധു പറഞ്ഞു.
Kerala
തിരുവനന്തപുരം: വിളപ്പില്‍ശാല ഗവ. ആശുപത്രിയിൽ വിളപ്പില്‍ കാവിന്‍പുറം കൊല്ലംകോണം ഞാറത്തല കട്ടയ്ക്കാല്‍ ഇസിയ മന്‍സിലില്‍ ബിസ്മീര്‍ (37) മരിച്ച സംഭവത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്.
മരണം ഹൃദയാഘാതം മൂലമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ശ്വാസനാളത്തില്‍ ഭക്ഷണ അവശിഷ്ടങ്ങള്‍ കയറിയത് കഠിനമായ ശ്വാസ തടസത്തിന് കാരണമായെന്നും ശരീരം നീല നിറമായത് ഓക്സിജന്‍ കുറഞ്ഞതിന്റെ ലക്ഷണമാണെന്നും റിപ്പോർട്ടിലുണ്ട്.
ബിസ്മീര്‍ മരിച്ചത് ചികിത്സ ലഭിക്കാത്തതുകൊണ്ടാണെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. എന്നാൽ, ചികിത്സാപ്പിഴവുണ്ടായെന്നും ചികിത്സ വൈകിയെന്നുമുള്ള ആരോപണം മെഡിക്കൽ ഓഫീസർ നിഷേധിച്ചിരുന്നു.
19 -ാം തീയതി പുലർച്ചെ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച ബിസ്മിറിന് ഓക്സിജൻ വെന്റിലേഷനും നെബുലൈസേഷനും ഇഞ്ചക്ഷനും നൽകിയെന്നാണ് ഡോക്ടർ പറയുന്നത്.
ശ്വാസംമുട്ടലും അസ്വസ്ഥതയും ഉണ്ടായതിനെ തുടർന്നാണ് ബിസ്മീറിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആശുപത്രിയുടെ ഗേറ്റ് പൂട്ടിയ നിലയിലായിരുന്നെന്നും നിരവധി തവണ ബെല്ലടിച്ചപ്പോഴാണ് ജീവനക്കാര്‍ എത്തിയതെന്നും ബന്ധുക്കള്‍ പറയുന്നു.
ബിസ്മീറിന്റെ ഭാര്യ ജാസ്മിന് ബഹളം വച്ചപ്പോഴാണ് ജീവനക്കാര്‍ പുറത്തേക്ക് വന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
District News
കൂത്താട്ടുകുളം: റിട്ട. ഡിവൈഎസ്പി കൂത്താട്ടുകുളം പൈറ്റക്കുളം പരിയാരത്ത് പയസ് ജോർജ് (56) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
സംസ്കാരം ഇന്ന് രാവിലെ 10.30 ന് ഭവനത്തിലെ ശുശ്രൂഷകൾക്കുശേഷം വടകര സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് കത്തോലിക്ക പള്ളിയിൽ. പൈറ്റക്കുളത്ത് പെനാൽറ്റി ഷൂട്ടൗട്ട് ഫുട്ബോൾ ടൂർണമെന്റിന്റെ സമാപന ചടങ്ങിനു ശേഷം അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് കൂത്താട്ടുകുളം ദേവമാതാ ആശുപത്രിയിലും പിന്നീട് കോട്ടയം കാരിത്താസ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അന്തരിച്ച സഹോദരൻ അഡ്വ. പി.വി. സന്തോഷിന്റെ സ്മരണയ്ക്കായി പൈറ്റക്കുളം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സംഘടിപ്പിച്ചതായിരുന്നു ടൂർണമെന്റ്. ഭാര്യ: ഉപ്പുകണ്ടം ഉറുമ്പിൽ ടെസി (അയർലൻഡ്). മക്കൾ: ആൽഡ്രിൻ (പ്ലസ് ടു വിദ്യാർഥി), ആൾഡ്രീന (ഒൻപതാം ക്ലാസ്), ആജൽ (ഏഴാം ക്ലാസ്).
Kerala
ബംഗളുരു: ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഹൃദയാഘാതമെന്ന് വരുത്തി തീർത്ത യുവാവ് പിടിയിൽ. കർണാടകയിലെ ബെലഗാവി ജില്ലയിലെ നെഗിനഹൽ ഗ്രാമത്തിലാണ് സംഭവം.
രാജേശ്വരി ഫക്കീരപ്പ ഗിലക്കനവർ (21) ആണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് ഫക്കീരപ്പ ഗിലക്കനവരെ പോലീസ് അറസ്റ്റ് ചെയ്തു.
ശവസംസ്കാര ചടങ്ങിനെത്തിയ രാജേശ്വരിയുടെ ബന്ധുക്കൾ മൃതദേഹത്തിന്റെ കഴുത്തിൽ പാട് കണ്ടതിനെ തുടർന്ന് സംശയം തോന്നി. ഇവർ ഉടൻതന്നെ പോലീസിൽ പരാതി നൽകുകയായിരുന്നു.
രാജേശ്വരിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് അയക്കുകയും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ രാജേശ്വരിയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തുകയും ചെയ്തു. ചോദ്യം ചെയ്യലിൽ ഫക്കീരപ്പ കുറ്റം സമ്മതിച്ചു. ഇയാളെ കസ്റ്റഡിയിലെടുത്ത് ജയിലിലേക്കയച്ചു.
വിവാഹിതരായിട്ട് മൂന്ന് വർഷമായിട്ടും മക്കളില്ലാത്തതിന്റെ പേരിൽ ഫക്കിരപ്പ രാജേശ്വരിയെ ശാരീരികമായി ഉപദ്രവിച്ചിരുന്നു. ഇതിനിടെയാണ് മരണം സംഭവിച്ചത്.
രാജേശ്വരിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുകൊടുത്തു
National
ദിസ്പുർ: യുകെജി വിദ്യാർഥിയായ മകന്റെ പരീക്ഷാ ഫലം അറിയാൻ സ്കൂളിലെത്തിയ പിതാവ് സ്കൂളിൽ കുഴഞ്ഞുവീണു മരിച്ചു. ആസാമിലെ ജോർഹട്ട് സ്വദേശി ദീപാങ്കർ ബോർഡോലോയ് (35) ആണ് മരിച്ചത്.
ജലസേചന വകുപ്പിൽ എക്സിക്യൂട്ടീവ് എൻജിനിയറായി ജോലി ചെയ്തിരുന്ന ദീപാങ്കർ മകന്റെ പരീക്ഷാ ഫലം അറിയാൻ ജോർഹട്ടിലെ സാംഫോർട്ട് സ്കൂളിൽ എത്തിയിരുന്നു. ഫലം അറിഞ്ഞ് മടങ്ങവേ സ്കൂൾ ഗേറ്റിന് സമീപം എത്തുന്പോഴാണ് അദ്ദേഹം കുഴഞ്ഞുവീണത്.
ഉടൻ തന്നെ സ്കൂളിലുണ്ടായിരുന്ന ആളുകൾ ജോഹർട്ട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും അവിടെ വച്ച് അദ്ദേഹം ഹൃദായാഘാതം മൂലം മരിച്ചു.
ദീപാങ്കറിന് വലിയ രോഗങ്ങളൊന്നും ഇല്ലെന്നും അദ്ദേഹം പൂർണ ആരോഗ്യവാനായിരുവെന്നും അദ്ദേഹത്തിന്റെ കുടുംബം പറഞ്ഞു.
District News
കോതമംഗലം: പിതാവിന്റെ മരണ വിവരം അറിഞ്ഞ് കുഴഞ്ഞുവീണ മകൻ ചികിത്സയിലിരിക്കെ മരിച്ചു. പൈമറ്റം ഇലവുംകുടി ഇ.ടി. പൗലോസിന്റെ മകൻ ജെയിംസ് (53)ആണ് മരിച്ചത്.
പിതാവ് പൗലോസ് 12ന് ഹൃദയാഘാതം മൂലം മരണമടഞ്ഞു. സംഭവം അറിഞ്ഞ് ദേഹാസ്വാസ്ഥ്യം ഉണ്ടായി കുഴഞ്ഞുവീണ മകൻ ജെയിംസിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ജെയിംസിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടത്തിനെ തുടർന്ന് ഇന്നലെ ആഞ്ചിയോഗ്രാം ചെയ്ത് ബ്ലോക്ക് നീക്കാനുള്ള നടപടികൾ നടന്നുകൊണ്ടിരിക്കുമ്പോൾ വീണ്ടും ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു.
പിതാവ് പൗലോസിന്റെ സംസ്കാരം ഇന്നലെ നടത്തി. ജെയിംസ് സ്വകാര്യ ബസിൽ ഡ്രൈവർ ആയിരുന്നു. സംസ്കാരം ഇന്ന് ഉച്ചക്ക് 12ന് പരീക്കണ്ണി സെന്റ് മേരീസ് പള്ളിയിൽ. മാതാവ്: മേരി. ഭാര്യ: അൽഫോൻസ. മക്കൾ: ആൻമരിയ, ആൻഡ്രിയ, ആൻസൺ.
NRI
തൊടുപുഴ: കാനഡയില്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ച തൊടുപുഴ ഒളമറ്റം സ്വദേശി വര്‍ക്കിയുടെ (23) സംസ്കാരം നടത്തി. പുത്തന്‍കുരിശ് ഗുഡ് ന്യൂസ് ഫോര്‍ ഏഷ്യ സെമിത്തേരിയിലാണ് സംസ്കാരം നടന്നത്.
കാനഡയിലെ പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡില്‍ ജോലി ചെയ്തുവരികയായിരുന്ന യുവാവ് ഡിസംബര്‍ 27നാണ് മോംഗ്ട്ടണിൽ ഹൃദയാഘാതംമൂലം മരിച്ചത്.
തൊടുപുഴ ഒളമറ്റം അഞ്ജനവേലില്‍ പീറ്ററിന്റെയും ബിന്ദുവിന്റെയും മകനാണ്. സഹോദരങ്ങള്‍: അനു, ആന്റോ.
District News
മേലാറ്റൂർ: കാഞ്ഞിരംപാറ സ്വദേശി ചേർക്കയിൽ മുഹമ്മദ് ഫൈസൽ (49) ജിദ്ദയിൽ അന്തരിച്ചു.
ഫുട്ബോൾ കളിക്കുന്നതിനിടെ ഉണ്ടായ ഹൃദയാഘാതമാണ് മരണകാരണം. 26 വർഷമായി ജിദ്ദയിൽ ബിസിനസ് നടത്തിവരികയായിരുന്നു. 10 ദിവസത്തിന് ശേഷം നാട്ടിലേക്ക് വരാനിരിക്കെയാണ് അന്ത്യം സംഭവിച്ചത്.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ജിദ്ദയിൽ പുരോഗമിക്കുന്നു. പരേതരായ ചേർക്കയിൽ ഹംസയുടെയും ഫാത്തിമയുടെയും മകനാണ്. ഭാര്യ: സുനീറ. മക്കൾ: അഹ്മദ് അഷ്മിൽ, അഹ്മദ് അഹഷ്, അഹ്മദ് ഐഹാൻ, അഹ്മദ് അസ്ലാൻ.
Kerala
കൊച്ചി: ഹൃദയാഘാതത്തെ തുടര്‍ന്ന് ശബരിമലയില്‍ പോലീസ് ഉദ്യോഗസ്ഥന് മരിച്ചു. മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് എസ്ഐ കുട്ടമ്പുഴ ഇഞ്ചത്തൊട്ടി കണ്ണാമ്പറമ്പില് വീട്ടില്‍ കെ.കെ. ജയന് (53) ആണ് മരിച്ചത്.
ശബരിമലയില്‍ വടക്കേ നട ഭാഗത്തായിരുന്നു ഡ്യൂട്ടി. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് സന്നിധാനത്തെ ആശുപത്രിയില്‍ നിന്ന് ജയനെ പമ്പയിലേക്ക് റഫര്‍ ചെയ്തിരുന്നു.
എന്നാല്‍ പമ്പയിലേയ്ക്കുള്ള യാത്രക്കിടെ ഇന്ന് പുലര്‍ച്ചെ 12.44 ജയന് മരിക്കുകയായിരുന്നു. ഉച്ചയോടെ മൂവാറ്റുപുഴ പോലീസ് സ്റ്റേഷനില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ച ശേഷം വീട്ടിലേക്ക് കൊണ്ടുപോയി.
Kerala
പനച്ചിക്കാട്: ജ്യേഷ്ഠന്റെ മരണം അറിഞ്ഞ് യുകെയിൽനിന്നു നാട്ടിലേക്ക് തിരിച്ച അനുജൻ മുംബൈ വിമാനത്താവളത്തിൽ വച്ച് ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് മരിച്ചു.
കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെ തുടർന്ന് മരിച്ച പനച്ചിക്കാട് പാവക്കുളം പി.കെ. രാരിച്ചന്റെ (61) സംസ്കാരം ഇന്ന് പരുത്തുംപാറ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ നടക്കാനിരിക്കെയാണ് അനുജൻ പി.കെ. ടോമി (ടോമിച്ചൻ-58) യും ഇന്നലെ മരണത്തിനു കീഴടങ്ങിയത്.
സംസ്കാരത്തിലും, ഒൻപതിന് നടത്താനിരുന്ന രാരിച്ചന്റെ മകളുടെ വിവാഹത്തിലും പങ്കെടുക്കാനായി മകനും, ബന്ധുവുമൊത്ത് താമസസ്ഥലമായ ബർമിംഗ് ഹാമിൽ നിന്നും യാത്ര പുറപ്പെട്ടതായിരുന്നു ടോമി. മൃതദേഹം മുംബൈ നാനാവതി ആശുപത്രിയിൽ. ഭാര്യ യുകെയിൽ നേഴ്സാണ്. രണ്ട് മക്കളുമുണ്ട്.
Kerala
റിയാദ്: സൗദി അറേബ്യയിൽ പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. റിയാദിൽ ജോലി ചെയ്തിരുന്ന നിലമ്പൂർ പാതാർ സ്വദേശിനി പൊൻകുഴി റംലത്ത് (57) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം റിയാദിലെ ആസ്റ്റർ സനദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
റംലത്ത് 10 വർഷത്തിലേറെയായി റിയാദിൽ ഹൗസ്കീപ്പറായി ജോലി ചെയ്യുകയായിരുന്നു. അവിവാഹിതയായ റംലത്ത് പരേതരായ അസൈനാരുടെയും ഇത്താച്ചുമ്മയുടെയും മകളാണ്. സൗദി തൊഴിലുടമയുടെ അഭ്യർഥനയുടെ അടിസ്ഥാനത്തിൽ മൃതദേഹം റിയാദിൽ ഖബറടക്കുന്നതിന് വേണ്ടിയുള്ള നിയമനടപടികൾ പുരോഗമിക്കുന്നു.
NRI
കണ്ണൂർ: വിദേശത്തേക്ക് മടങ്ങാനിരിക്കെ യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. തളിപ്പറമ്പ് കുപ്പത്ത് താമസക്കാരനായ ബദരിയ്യ നഗർ ബിവി റോഡിലെ കുട്ടുക്കൻ മുഹമ്മദ്കുഞ്ഞിയാണ് (45) മരിച്ചത്.
ദുബായിയിൽ പാർട്ണർഷിപ്പിൽ ക്രോക്കറി സ്ഥാപനം നടത്തിവരുന്ന മുഹമ്മദ്കുഞ്ഞി ആറുമാസം മുമ്പാണു നാട്ടിലെത്തിയത്. തിങ്കളാഴ്ച വൈകുന്നേരം അഞ്ചോടെ വിദേശത്തേക്കു മടങ്ങേണ്ടതായിരുന്നു.
ഞായറാഴ്ച രാത്രി ഉറങ്ങാൻ കിടന്ന മുഹമ്മദ് കുഞ്ഞിയെ രാവിലെ മരിച്ചനിലയിൽ കാണുകയായിരുന്നു.
കായക്കൂൽ ഹസൻഹാജി - നഫീസ ദമ്പതികളുടെ മകനാണ്. ഭാര്യ: ഷബീന. സഹോദരങ്ങൾ: ജാഫർ, മറിയംബി, സുമയ്യ, ജുബ്രിയ.
International
ടൊറന്റോ: കാനഡയിൽ ഹൃദയാഘാതത്തെത്തുടർന്ന് ചികിത്സ ലഭിക്കാതെ ഇന്ത്യക്കാരൻ മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരേ വ്യാപകവിമർശനം. വടക്കുപടിഞ്ഞാറൻ കാനഡയിലെ ആൽബെർട്ടയിലുള്ള എഡ്മോൺടണിലെ ഗ്രേ നൺസ് ആശുപത്രിയിൽവച്ചാണ് പ്രശാന്ത് ശ്രീകുമാർ എന്ന 44 കാരൻ മരിച്ചത്.
ചികിത്സതേടി എട്ടുമണിക്കൂറോളം പ്രശാന്ത് കാത്തിരുന്നുവെന്ന് ഇന്ത്യൻ സമൂഹത്തിന്റെ പ്രതിനിധികൾ പറയുന്നു. പ്രശാന്തിന്റെ മരണത്തിന് ഉത്തരവാദികൾ ആശുപത്രി അധികൃതരാണെന്നും അവർ വ്യക്തമാക്കി.
അക്കൗണ്ടന്റായി ജോലി ചെയ്യുന്ന പ്രശാന്തിന് ജോലിക്കിടെ കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് കഴിഞ്ഞ 22 ന് ഉച്ചയോടെയാണ് ആശുപത്രിയിൽ കൊണ്ടുവന്നത്. പ്രാഥമിക പരിശോധനയ്ക്കുശേഷം പുറത്ത് കാത്തിരിക്കാൻ ആശുപത്രിയിൽ നിന്ന് ആവശ്യപ്പെടുകയായിരുന്നു.
ആശുപത്രി ജീവനക്കാര്‍ ഇസിജി എടുത്തെങ്കിലും കുഴപ്പമില്ലെന്നു പറഞ്ഞ് വേദനസംഹാരി നല്‍കുകയായിരുന്നു. രക്തസമ്മര്‍ദം ഉയർന്നിട്ടും ചികിത്സ തുടങ്ങിയില്ല. എട്ടുമണിക്കൂർ കാത്തിരുന്നശേഷമാണ് ചികിത്സാമുറിയിലേക്കു പ്രവേശിപ്പിച്ചത്. സെക്കൻഡുകൾക്കുള്ളിൽ പ്രശാന്തിന്റെ ജീവൻ നഷ്ടമാവുകയും ചെയ്തു.
ചികിത്സ വൈകിയതിനു പിന്നിൽ വംശീയവിദ്വേഷം ഉണ്ടോയെന്ന സംശയവും ഉയർന്നിട്ടുണ്ട്. പ്രശാന്തിന്റെ മരണത്തോടെ മൂന്നു കുട്ടികൾ ഉൾപ്പെടെ കുടുംബം തീരാദുരിതത്തിലായിരിക്കുകയാണ്. പ്രശാന്ത്-നിഹാരിക ദന്പതികളുടെ ഇളയ കുട്ടിക്കു മൂന്നുവയസാണ് പ്രായം. മൂത്തയാൾക്ക് 14 വയസും. ഇളയകുട്ടിക്കു മുഴുവൻ സമയ പരിചരണം ആവശ്യമായതിനാൽ പ്രശാന്ത് മാത്രമാണ് ഇപ്പോൾ ജോലി ചെയ്യുന്നത്.
കുടുംബത്തിന് ആശുപത്രിയില്‍ നേരിടേണ്ടി വന്ന ദുരനുഭവം വിവരിക്കുന്ന നീഹാരികയുടെ വിഡിയോ വലിയ പ്രചാരം നേടിയിരുന്നു. പ്രശാന്തിന്റെ മരണത്തിന്റെ ഉത്തരവാദിത്വം കാനഡ ഏറ്റെടുക്കണമെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.
ഇന്ത്യൻ വംശജനാണെങ്കിലും പ്രശാന്തിന് കനേഡിയൻ പൗരത്വമുണ്ടെന്നാണ് മനസിലാക്കന്നത്. അതിനാൽ കാനഡ സർക്കാരിനാണു മരണത്തിൽ പൂർണ്ണ ഉത്തരവാദിത്വം-അദ്ദേഹം ചൂണ്ടിക്കാട്ടി.
NRI
ഷാർജ: കണ്ണൂർ പാപ്പിനിശേരി സ്വദേശിനി ആയിഷ മറിയം (17) ഷാർജയിൽ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
ദേഹാസ്വാസ്ഥ്യം തോന്നിയ ഉടൻ തന്നെ ആയിഷയെ ഷാർജയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഷാർജ പോലീസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
യാബ് ലീഗൽ സർവീസ് സിഇഒ സലാം പാപ്പിനിശേരിയുടെ നേതൃത്വത്തിൽ നിയമനടപടികൾ പുരോഗമിക്കുന്നുണ്ട്.
ഷാർജ ഇന്ത്യൻ സ്കൂൾ വിദ്യാർഥിനിയായ ആയിഷ പ്ലസ് വണിന് പഠിക്കുകയായിരുന്നു.
പിതാവ്: മുഹമ്മദ് സൈഫ്, മാതാവ്: റുബീന സൈഫ്.
Kerala
കാസർഗോഡ്: കരിന്തളത്ത് വയോധിക മരിച്ചത് ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മൃതദേഹത്തിന് ഒന്നര ദിവസത്തെ പഴക്കമുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
ശനിയാഴ്ചയാണ് കരിന്തളത്ത് താമസിക്കുന്ന ലക്ഷ്മിയുടെ മൃതദേഹം വീടിനുള്ളിൽ കണ്ടെത്തിയത്. അയൽവാസികളാണ് മൃതദേഹം ആദ്യം കണ്ടത്. ലക്ഷ്മി ഒറ്റയ്ക്കാണ് താമസിക്കുന്നത്.
വീടിന്റെ പിൻവാതിൽ തുറന്നു കിടക്കുന്ന നിലയിലും വൈദ്യുതി ബന്ധം വിച്ഛേദിച്ചതായും കണ്ടെത്തിയിരുന്നു. വിരലടയാള വിദഗ്ധർ അടക്കം എത്തി സ്ഥലത്ത് പരിശോധനകൾ നടത്തിയിരുന്നു.
District News
കാഞ്ഞങ്ങാട്: മലയാളി നഴ്സ് മാള്‍ട്ടയില്‍ ഹൃദയാഘാതത്തേത്തുടർന്ന് മരിച്ചു. കോടോം-ബേളൂര്‍ തടിയംവളപ്പിലെ പയ്യമ്പള്ളി മാത്യു-ത്രേസ്യാമ്മ ദമ്പതികളുടെ മകന് ജോജി മാത്യു (43) ആണ് മരിച്ചത്. സംസ്കാരം പിന്നീട് കാഞ്ഞിരടുക്കം സെന്റ് ജോര്‍ജ് പള്ളിയില്‍. ഭാര്യ: നിഷ (നഴ്സ്, മാള്‍ട്ട) വയനാട് പുല്‍പ്പള്ളി തൊഴുവത്തിങ്കല് കുടുംബാംഗം. മക്കള്‍: ഡിവോണ (ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി), ഗോഡ്സണ്‍ (മൂന്നാംക്ലാസ് വിദ്യാര്‍ഥി). സഹോദരങ്ങള്‍: ജോബി, ഫാ. ജോഷി സിആര്‍എം (മ്യൂണ്‍സ്റ്റര്‍, ജര്‍മനി), ജിജോ (എല്‍വിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന് ലാംഗ്വേജസ്, ഹൊഷിയാപൂര്‍, പഞ്ചാബ്).
Kerala
മലപ്പുറം: വോട്ട് ചെയ്ത് വീട്ടിലെത്തിയതിനു പിന്നാലെ യുവാവ് ഹൃദയാഘാതംമൂലം മരിച്ചു. താനൂർ പകര തീണ്ടാപ്പാറ നന്ദനില്‍ അലവി (50) ആണ് മരിച്ചത്.
താനാളൂര്‍ ഏഴാം വാർഡ് ഒകെ പാറ മദ്രസയില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 12ന് വോട്ടുചെയ്ത് വീട്ടിലേക്ക് മടങ്ങിയതായിരുന്നു അലവി. ഉടൻതന്നെ തിരൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
കാറ്ററിംഗ് സ്ഥാപന ഉടമയാണ്. മാതാപിതാക്കൾ: എന്‍. അഹമ്മദ് കുട്ടി, ആമിന, ഭാര്യ: സുമയ്യ. മകന്: സിയാദ്. സഹോദരങ്ങള്‍: യൂസുഫ്, ഫാത്തിമ, പരേതനായ ഇസ്മായില്‍.
NRI
ബെര്‍ലിന്‍: വിമാന യാത്രയ്ക്കിടെ ഉണ്ടായ ഹൃദയാഘാതത്തെ തുടർന്ന് യാത്രക്കാരന് മരിച്ചു. ഗ്രാന്‍ കാനറിയയില്‍ നിന്ന് ഹാംബുര്‍ഗിലേക്കുള്ള യൂറോവിംഗ്സ് എ 320 വിമാനത്തില്‍ വച്ചാണ് യാത്രക്കാരന് ഹൃദയാഘാതം ഉണ്ടായത്.
തുടർന്ന് ബില്‍ബാവോയില്‍ വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തിയെങ്കിലും യാത്രക്കാരനെ രക്ഷപ്പെടുത്താനായില്ല. നേരത്തെ, വിമാനത്തിൽ വച്ച് ജീവനക്കാർ അടിയന്തര വൈദ്യസഹായം നൽകിയിരുന്നു.
മരിച്ച വ്യക്തിയുടെ കുടുംബത്തെ അനുശോചനം അറിയിക്കുന്നതായി യൂറോവിംഗ്സ് അധികൃതർ അറിയിച്ചു.
Kerala
മലപ്പുറം: മൂത്തേടത്ത് സ്ഥാനാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു. മൂത്തേടം പഞ്ചായത്ത് ഏഴാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥി വട്ടത്ത് ഹസീനയാണ് മരിച്ചത്.
ഞായറാഴ്ച രാത്രി വീട്ടില്‍ വച്ച് കുഴഞ്ഞ് വീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഹൃദയാഘാതം മൂലമാണ് മരണം.
Kerala
കാസർഗോഡ്: ഹൃദയാഘാതം മൂലം ഗുരുതരാവസ്ഥയിലാകുന്നവർക്ക് അടിയന്തര ജീവൻരക്ഷാ സഹായം ഉറപ്പുവരുത്തുന്നതിനായി സംസ്ഥാന മെഡിക്കൽ സർവീസസ് കോർപറേഷനു കീഴിലുള്ള കനിവ് 108 ആംബുലൻസുകളിൽ ഓട്ടോമേറ്റഡ് എക്സ്റ്റേണൽ ഡീഫൈബ്രിലേറ്റർ (എഇഡി) സംവിധാനം നിർബന്ധമാക്കുന്നു. മറ്റ് എമർജൻസി സർവീസ് വാഹനങ്ങളിലും എഇഡി സംവിധാനം ഉൾപ്പെടുത്തുന്നത് ഉചിതമായിരിക്കുമെന്ന് ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് ഇതുസംബന്ധിച്ച് വിവരാവകാശ പ്രവർത്തകനായ എം.വി. ശില്പരാജ് നൽകിയ അപേക്ഷയ്ക്കുള്ള മറുപടിയിൽ ആരോഗ്യവകുപ്പ് വ്യക്തമാക്കി.
വിദേശരാജ്യങ്ങളിൽ ആംബുലൻസുകളിൽ ഈ സംവിധാനം സാർവത്രികമാണെങ്കിലും കേരളത്തിൽ ഇനിയും കാര്യമായി ഉപയോഗിച്ചുതുടങ്ങിയിട്ടില്ലെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് ശില്പരാജ് അപേക്ഷ സമർപ്പിച്ചത്. കനിവ് 108 ആംബുലൻസ് പദ്ധതിയിലേക്ക് വാഹനങ്ങൾ വാങ്ങാൻ പുതിയ ടെൻഡർ വിളിക്കുമ്പോൾ അവയിൽ എഇഡി നിർബന്ധമാക്കിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പിന്റെ മറുപടിയിൽ അറിയിച്ചു.
ഒരു ഉപകരണത്തിന് ഒന്നര ലക്ഷത്തോളം രൂപയാണ് ചെലവു വരുന്നത്. നിലവിലുള്ള മറ്റ് ആംബുലൻസുകളിലും എഇഡി സ്ഥാപിക്കുന്നത് ഉചിതമായിരിക്കുമെന്ന് നിർദേശിച്ചിട്ടുണ്ട്. കാസർഗോഡ് ജില്ലയിൽ ഈ പദ്ധതി നടപ്പിലാക്കുന്നതിനുള്ള ഫണ്ട് കണ്ടെത്തുന്നതിനായി എല്ലാ തദ്ദേശ സ്ഥാപനങ്ങൾക്കും കത്ത് നൽകിയിട്ടുണ്ടെന്നും ബന്ധപ്പെട്ടവർ അറിയിച്ചതായി ശില്പരാജ് പറഞ്ഞു.
ഹൃദയാഘാത മരണങ്ങൾ കൂടിവരുന്ന സാഹചര്യത്തിൽ അതു തടയാൻ ഏറ്റവും പ്രയോജനകരമെന്ന് തെളിഞ്ഞിട്ടുള്ള ഒരു ഉപകരണത്തിന്റെ പ്രാധാന്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ പെടുത്താനാണ് താൻ വിവിധ തലങ്ങളിലായി അപേക്ഷ നൽകിയതെന്ന് ശില്പരാജ് പറഞ്ഞു. ചീമേനി ചെമ്പ്രകാനം സ്വദേശിയായ ശില്പരാജ് എംഎസ്ഡബ്ല്യു ബിരുദധാരിയും പൊതുപ്രവർത്തകനും അഗ്നിരക്ഷാസേനയുടെ സിവിൽ ഡിഫൻസ് വോളന്റിയറുമാണ്.
എഇഡി നിസാരക്കാരനല്ല
പെട്ടെന്ന് ഹൃദയമിടിപ്പ് നിലയ്ക്കുന്ന സാഹചര്യങ്ങളിൽ ചെറിയ അളവിലുള്ള വൈദ്യുതിയുടെ സഹായത്തോടെ ഹൃദയമിടിപ്പ് വീണ്ടെടുക്കാൻ സഹായിക്കുന്ന ഉപകരണമാണ് എഇഡി. സാധാരണക്കാർക്കുപോലും എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്ന വിധത്തിലാണ് ഇത് രൂപകല്പന ചെയ്തിട്ടുള്ളത്. ഹൃദയാഘാതമുണ്ടാകുന്നവർക്ക് പെട്ടെന്ന് സിപിആർ നൽകുന്നതിനുള്ള ശ്രമം പരാജയപ്പെട്ടാലും ആംബുലൻസിൽ എഇഡി ഉണ്ടെങ്കിൽ ആശുപത്രിയിലെത്തുന്നതുവരെ ഹൃദയമിടിപ്പ് വീണ്ടെടുക്കാനാകും.
ആംബുലൻസ് ഡ്രൈവറുടെ സഹായത്തോടെ രോഗിയുടെ ഒപ്പമുള്ളവർക്കു തന്നെ ഈ ഉപകരണം പ്രവർത്തിപ്പിക്കാനാകും. എഇഡി ഉപയോഗിക്കുകയാണെങ്കിൽ ഹൃദയാഘാതമുണ്ടായ വ്യക്തിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനുള്ള സാധ്യത 70 ശതമാനമാണെന്നാണ് അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ പഠനങ്ങളിൽ കണ്ടെത്തിയിട്ടുള്ളത്.
National
ന്യൂഡൽഹി: യുവാക്കളിലെ ഹൃദയാഘാതവും അകാലമരണവും കോവിഡ് വാക്സിനുകളും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസുമായി (എയിംസ്) നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.
ജീവിതശൈലിയും മുൻകാല രോഗാവസ്ഥകളുമാണ് മരണങ്ങൾക്ക് പിന്നിലെ പ്രധാന ഘടകങ്ങളെന്ന് ദേശീയ പഠനം കണ്ടെത്തിയിട്ടുണ്ട്. ഹൃദയസംബന്ധമായ കാരണങ്ങളാൽ പെട്ടെന്നുള്ള മരണങ്ങൾക്ക് ജീവിതശൈലി, ജനിതകം, മുൻപുണ്ടായിരുന്ന കാരണങ്ങൾ, കോവിഡാനന്തര സങ്കീർണതകൾ എന്നിങ്ങനെ പല കാരണങ്ങളും ഉണ്ടാകാമെന്നും പഠനത്തിൽ പറയുന്നു.
കർണാടകയിലെ ഹാസൻ ജില്ലയിൽ 40 ദിവസത്തിനിടെ 23 പേരാണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചതെന്നും കോവിഡ് വാക്സിൻ തിടുക്കത്തിൽ അംഗീകരിച്ചതും വിതരണം ചെയ്തതും ഈ മരണങ്ങൾക്ക് കാരണമായെന്ന് കരുതുന്നതായും മുഖ്യമന്ത്രി സിദ്ധരാമയ്യ എക്സിൽ കുറിച്ചിരുന്നു.
കോവിഡ് -19 വാക്സിനുകളുടെ പാർശ്വഫലങ്ങൾ പഠിക്കുന്നതിനായി ഒരു പാനൽ രൂപീകരിക്കുന്നതായും സിദ്ധരാമയ്യ പ്രഖ്യാപിച്ചു. ഇതിനു പിന്നാലെയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വിശദീകരണം.
18 നും 45 നും ഇടയിൽ പ്രായമുള്ള ചെറുപ്പക്കാരിൽ, പെട്ടെന്ന് ഉണ്ടാകുന്ന മരണങ്ങൾക്ക് പിന്നിലെ കാരണങ്ങൾ മനസിലാക്കാൻ ഐസിഎംആറും നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോളും (എൻസിഡിസി) ഒരുമിച്ച് പ്രവർത്തിച്ചുവരികയാണ്.
ഇന്ത്യയിലെ കോവിഡ് വാക്സിനുകൾ സുരക്ഷിതമാണെന്നും ഗുരുതര പാർശ്വഫലങ്ങൾക്കുള്ള സാധ്യത വളരെ വിരളമാണെന്നും ഐസിഎംആറും എൻസിഡിസിയും പഠനങ്ങളിലൂടെ സ്ഥിരീകരിച്ചിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.